കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. കട്ടിളപ്പാളി കേസിലെ ജാമ്യഹർജി കേൾക്കുന്നത് കൊല്ലം വിജിലൻസ് കോടതിയാണ്.
ദ്വാരപാലക ശിൽപക്കേസിൽ പത്മകുമാർ റിമാൻഡിലുള്ളതിനാൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡ് അംഗങ്ങൾ മുഴുവൻക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. മിനുട്ട്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു.
സ്വയം മാത്രം കുറ്റക്കാരനാക്കുന്ന നീക്കത്തിനെതിരെയാണ് താൻ കോടതിയിൽ എത്തിയതെന്നും പത്മകുമാർ വ്യക്തമാക്കുന്നു. അതേസമയം, ജാമ്യനീക്കത്തിനിടെ രണ്ടാമത്തെ പ്രതിയായി ചേർത്ത ദ്വാരപാലക കേസിലും പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.






