കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിൽ മാത്രമായി കുറ്റക്കാരനാക്കുന്നത് നീതിയല്ലെന്നായിരുന്നു പത്മകുമാർ ഹർജിയിൽ ഉന്നയിച്ച പ്രധാന വാദം.
പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ബോർഡിലെ എല്ലാ അംഗങ്ങളുടെയും അറിവോടെയാണെന്നും മിനിറ്റ്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും കൂട്ടുത്തരവാദിത്വത്തോടെ നടത്തിയ നടപടിയാണെന്നും ഹർജിയിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പോറ്റിയുടെ ഹർജി ഡിസംബർ 18ന് കോടതി പരിഗണിക്കും.






