പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ളതായി അറിയപ്പെടുന്ന ഫെനി നൈനാൻ അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫെനി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും, വാർഡിൽ ബിജെപി സീറ്റ് നിലനിർത്തുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ റിനോ പി. രാജൻ എറത്ത് പഞ്ചായത്ത് ആറാം വാർഡിൽ 240 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, 25 വർഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന എഴുമറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ബിജെപി വിജയം നേടി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. ബിന്ദുവാണ് ഇവിടെ വിജയിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ നിലവിൽ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്.






