കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണസമിതിക്ക് തിരിച്ചടിയായി വൈസ് പ്രസിഡന്റ് സി. ഉഷയും ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. പ്രതീഷും പരാജയപ്പെട്ടു. 10-ാം വാർഡിൽ നിന്ന് മത്സരിച്ച സി. ഉഷ 120 വോട്ടിനാണ് തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. മനോജ് 627 വോട്ട് നേടി വിജയിച്ചപ്പോൾ സി. ഉഷയ്ക്ക് 507 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
14-ാം വാർഡിൽ നിന്ന് മത്സരിച്ച എം.എ. പ്രതീഷ് 230 വോട്ടിനാണ് പരാജയപ്പെട്ടത്. കോൺഗ്രസ് പെരുമണ്ണ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ഇ. മുഹമ്മദ് ഫസൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 829 വോട്ടുകൾ നേടി വിജയിച്ചു. എം.എ. പ്രതീഷിന് 599 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ കാമ്പുറത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആമിനാബി, രമ്യ തട്ടാരിൽ, കെ.പി. രാജൻ എന്നിവർ വിജയിച്ചു. ഒന്നാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ദീപ കാമ്പുറത്ത് 583 വോട്ടിന്റെ ഭൂരിപക്ഷം നേടി. ആമിനാബി എൽഡിഎഫ് സ്ഥാനാർത്ഥിയായി 45 വോട്ടിന്റെ ഭൂരിപക്ഷത്തിലും, യുഡിഎഫ് സ്ഥാനാർത്ഥികളായ രമ്യ തട്ടാരിൽ 285 വോട്ടിന്റെയും കെ.പി. രാജൻ 116 വോട്ടിന്റെയും ഭൂരിപക്ഷത്തിലും വിജയം നേടി.
നിലവിലെ ഗ്രാമപഞ്ചായത്തംഗമായ എം. സമീറ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുത്തൂർമഠം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. 326 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവർ നേടിയത്.




