തൃശ്ശൂർ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ (അണ്ടർ–17) കേരളത്തിന് അഭിമാനമായി കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. 4 x 400 മീറ്റർ റിലേ ഇനത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിലെ പ്രധാന അംഗമാണ് എബിൻ.
ശക്തമായ മത്സരം നിറഞ്ഞ വേദിയിൽ മികച്ച കൂട്ടായ്മയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് കേരള ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.ഇതോടൊപ്പം 4 x 100 മീറ്റർ റിലേ ഇനത്തിലും കേരളം സ്വർണം നേടി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജിഎംബിവിഎച്ച്എസ്എസ് കുന്നംകുളം വിദ്യാർത്ഥിയായ ജിയോ ഐസക് സെബാസ്റ്റ്യനാണ്.
അതിവേഗവും കൃത്യവുമായ റണ്ണിംഗിലൂടെ അവസാന ഘട്ടത്തിൽ ലീഡ് ഉറപ്പിച്ച ജിയോയുടെ പ്രകടനം കാണികളെ ആവേശത്തിലാക്കി. ദേശീയ തലത്തിൽ കേരളത്തിന് ഇരട്ട സ്വർണം സമ്മാനിച്ച ഈ നേട്ടം കുന്നംകുളം നഗരത്തിനും സ്കൂളിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും പരിശീലകരുടെ സമർപ്പണവും ചേർന്നതാണ് ഈ ചരിത്ര വിജയം. വിജയികളായ എബിനും ജിയോ ഐസക് സെബാസ്റ്റ്യനും വിവിധ മേഖലകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.






