കോട്ടയം : നഗരസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ പാലായിൽ കേരള കോൺഗ്രസ് (എം) കരുത്ത് തെളിയിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. പാലാ മുനിസിപ്പാലിറ്റിയിൽ 2020-ലെ കക്ഷിനിലയായ 10 സീറ്റുകൾ നിലനിർത്താൻ പാർട്ടിക്കായെന്നും മുന്നണിക്ക് നഗരസഭയിൽ ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 18-ാം വാർഡിൽ തുല്യ വോട്ട് വന്നതിനെത്തുടർന്ന് ടോസിലൂടെയാണ് ഒരു സീറ്റ് നഷ്ടമായതെന്നതാണ് വസ്തുതയെന്നും അദ്ദേഹം വിശദീകരിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചവരെയും മികച്ച രീതിയിൽ മത്സരിച്ച സ്ഥാനാർത്ഥികളെയും അനുമോദിക്കുന്നതിനായി വിളിച്ചുചേർത്ത ചായസൽക്കാര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണി പടുത്തുയർത്തിയ പാർട്ടി പാലായിലെ ഏറ്റവും വലിയ കക്ഷിയായി ഇന്നും തലയുയർത്തി നിൽക്കുകയാണെന്നും അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്നും ജോസ് കെ. മാണി മുന്നറിയിപ്പ് നൽകി. എതിർപക്ഷത്തെ ജോസഫ് ഗ്രൂപ്പ് പരുന്തിന്റെ മുകളിലിരിക്കുന്ന കരിവണ്ടാണെന്ന് അദ്ദേഹം പരിഹസിച്ചു. നഗരസഭയിലെയും 12 പഞ്ചായത്തുകളിലുമായി വിജയിച്ച 47 ജനപ്രതിനിധികളെയും അദ്ദേഹം പൂമാല അണിയിച്ച് അഭിനന്ദിച്ചു. 2020-ൽ ഇത് 44 പേരായിരുന്നുവെന്നും ഇത്തവണ നില മെച്ചപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വോട്ടർമാർക്ക് ജോസ് കെ. മാണി നന്ദി രേഖപ്പെടുത്തി.



