പാലക്കാട് : വടക്കഞ്ചേരി ദേശീയപാത 544-ൽ വാളയാറിനും അങ്കമാലിക്കുമിടയിൽ നടന്നു വരുന്ന 11 അടിപ്പാതകളുടെ നിർമാണം മന്ദഗതിയിൽ തുടരുന്നതിനാൽ യാത്രക്കാർക്ക് കടുത്ത ദുരിതമാണ് നേരിടേണ്ടി വരുന്നത്. നിർമാണക്കരാറിന് അനുവദിച്ചിരുന്ന കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പണി പാതിപോലും പൂർത്തിയായിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി.
വാണിയമ്പാറയിൽ അടിപ്പാത നിർമാണത്തിന് മുന്നോടിയായി ഗതാഗതം തിരിച്ചുവിടുന്നതിനായി സർവീസ് റോഡുകളുടെ നിർമാണം വാണിയമ്പാറ, കല്ലിടുക്ക് മേഖലകളിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമാണം നടക്കുന്ന മിക്ക പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് പതിവായി മാറിയിട്ടുണ്ട്. ശോചനീയാവസ്ഥയിലുള്ള റോഡുകൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമ്പോഴും ടോൾ പിരിവ് തുടരുന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
തമിഴ്‌നാട് ആസ്ഥാനമായ പി.എസ്.ടി. കമ്പനിക്കാണ് നിലവിലെ 11 അടിപ്പാതകളുടെ നിർമാണക്കരാർ. 18 മാസത്തിനകം പൂർത്തിയാക്കേണ്ടിരുന്ന പ്രവൃത്തികളുടെ കരാർകാലാവധി 2025 സെപ്റ്റംബറിൽ അവസാനിച്ചിരുന്നെങ്കിലും പിന്നീട് ഡിസംബർ വരെ സമയം നീട്ടിനൽകിയിരുന്നു. എന്നാൽ ആ സമയപരിധിക്കുള്ളിലും നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് 2026 മേയ് വരെ വീണ്ടും സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കമ്പനി ദേശീയപാതാ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.
സമയം നീട്ടിനൽകി നിർമാണം വേഗത്തിലാക്കുന്നതാണ് സാധാരണ നടപടിയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ വ്യക്തമാക്കി. എന്നാൽ നിർമാണം നീണ്ടുപോയതിന് മതിയായ കാരണങ്ങൾ കാണിക്കാനായില്ലെങ്കിൽ കരാർ കമ്പനിക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ജനുവരിയിൽ പുതിയ അടിപ്പാത നിർമാണം കൂടി
നിലവിൽ നടന്നു വരുന്ന 11 അടിപ്പാതകൾക്കു പുറമേ ദേശീയപാതയിൽ കൂടി 13 പുതിയ അടിപ്പാതകളുടെ നിർമാണം ജനുവരിയിൽ ആരംഭിക്കാനാണ് തീരുമാനം. ഹരിയാണ ആസ്ഥാനമായ ദരിവാൾ ബിൽഡ് ടെക്കിനാണ് പുതിയ പ്രവൃത്തികളുടെ കരാർ. പുതിയ നിർമാണങ്ങളും ആരംഭിക്കുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കും യാത്രാദുരിതവും കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയാണ് പ്രദേശവാസികളും സ്ഥിരം യാത്രക്കാരും ഉയർത്തുന്നത്.






