കോഴിക്കോട്: യുവതലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിക്ക് ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ ഉജ്ജ്വല തുടക്കം. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ദേശീയ കർഷക ദിനമായ ഡിസംബർ 23-ന് നടന്നു.
സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. മണ്ണറിഞ്ഞ് അധ്വാനിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി കർഷക ദിനത്തിലെ ഈ വിളവെടുപ്പ് മാറി.
വിളവെടുപ്പ് ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജാഫർ സാദിഖ് എ.പി. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് പൂളക്കാടി എന്നിവർ നേതൃത്വം നൽകി. കോർഡിനേറ്റർ സജ്ന എരേക്കൽ, എം.പി.ടി.എ. പ്രസിഡന്റ് ഇസ്ബാന ഫൈസൽ, പി.ടി.എ. അംഗം ബഷീർ എ.പി, നിമ്ന ടീച്ചർ എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.




