കോഴിക്കോട് : പൂനൂർ പുഴയുടെ സംരക്ഷണത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങൾക്കൊരുങ്ങി പൂനൂർ പുഴ സംരക്ഷണ സമിതി. കഴിഞ്ഞ ശനിയാഴ്ച കൊട്ടക്കാവയലിൽ ചേർന്ന കൊട്ടക്കാവയൽ ഒതയോത്ത് പുറായിൽ പ്രാദേശിക കമ്മറ്റി യോഗം വാർഡ് മെമ്പർ അസ്ഹറുദ്ധീൻ പി. ഉദ്ഘാടനം ചെയ്തു.
കമ്മറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സലീം നെച്ചോളി മുഖ്യപ്രഭാഷണം നടത്തി. പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനും മാലിന്യമുക്തമാക്കുന്നതിനും പ്രാദേശിക തലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഡിസംബർ 28 (ഞായറാഴ്ച) രാവിലെ പൂനൂർ പുഴയുടെ കൊട്ടക്കാവയൽ ഭാഗത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഈ സംരംഭത്തിൽ പങ്കാളികളാകും.
എക്സിക്യൂട്ടീവ് കമ്മറ്റിയോഗത്തിൽ വെച്ച് പുതിയ ചെയർമാനായി വാർഡ് മെമ്പർ അസ്ഹറുദ്ധീൻ പി. യെ തിരഞ്ഞെടുത്തു. യോഗത്തിൽ ട്രഷറർ കെ പി എ സമദ് എ.പി. ബഷീർ, കെ.പി. അബ്ദുസലാം എന്നിവർ സംസാരിച്ചു. നിരവധി സമിതി പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു. കൺവീനർ ഗഫൂർ വാഴയിൽ സ്വാഗതവും ഷംസു സി.കെ. നന്ദിയും പറഞ്ഞു.






