തിരുവനന്തപുരം : കോര്പ്പറേഷന് മേയര്‍ സ്ഥാനം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്.
എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.
ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ നേരിട്ട് ശ്രീലേഖയുമായി സംസാരിക്കുമെന്നാണ് വിവരം.
ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നത്.
ശ്രീലേഖയെ സമാധാനിപ്പിക്കാനായി വമ്പന്‍ വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ് ഉള്‍പ്പെടെയുള്ള പദവികള്‍ നല്‍കുന്നത് പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.
കൂടാതെ കേന്ദ്ര തലത്തില്‍ മറ്റേതെങ്കിലും നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങള്‍ നല്കി അവരെ സജീവമായി പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് കേന്ദ്ര നേതാക്കളുടെ നീക്കം. വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.




