കോട്ടയം: യുഡിഎഫ് പിന്തുണയോടെ പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ദിയ ബിനു പുളിക്കക്കണ്ടം സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ യുഡിഎഫില്‍ കല്ലുകടി പ്രകടമായിരുന്നു.
പാലായില്‍ യുഡിഎഫ് എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാണി സി കാപ്പനും മാത്രമാണ് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു സത്യപ്രതിജ്ഞാദിനത്തിലെ ദൃശ്യങ്ങള്‍. 6 കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം പൂര്‍ണ്ണമായി തന്നെ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ പാടെ ഒഴിവാക്കി ഡിസിസിയും മാണി സി കാപ്പനും ഫ്രാന്‍സിസ് ജോര്‍ജും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു രണ്ടുദിവസമായി നടന്നു വന്നുകൊണ്ടിരുന്നത്.ഇതിനിടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഡിസിസിയെ സമീപിക്കുകയും തങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും നേതൃത്വം പറയുന്നത് അനുസരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഒരിടത്ത് പോലും തങ്ങള്‍ യുഡിഎഫിന് പിന്തുണ കൊടുക്കുന്നു എന്ന് ബിനു പുളിക്കകണ്ടം പറഞ്ഞിട്ടില്ല.തങ്ങള്‍ ആരുടെ കയ്യില്‍ നിന്ന് പിന്തുണ സ്വീകരിക്കണമെന്ന ചര്‍ച്ച മാത്രമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
പാലാ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ.സതീഷ് ചൊള്ളാനി ,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ്,തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ പാലായിലെ ഏക പ്രതികരണ മുഖമായിരുന്ന അഡ്വ. സന്തോഷ് മണര്‍കാട്,കോണ്‍ഗ്രസ് നേതാവ് സാബു എബ്രഹാം തുടങ്ങി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃനിരയിലെ ആരും സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായിരുന്നില്ല.
മണ്ഡലം പ്രസിഡണ്ട് നഗരസഭ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സത്യപ്രതിജ്ഞ നടക്കുന്ന ഹാളില്‍ ഉണ്ടായിരുന്നില്ല.കൗണ്‍സില്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നയുടന്‍തന്നെ ഒരു ജോസഫ് ഗ്രൂപ്പ് നേതാവ് പുറത്തുനിന്ന് ആവേശത്തോടെ യുഡിഎഫ് സിന്ദാബാദ് എന്ന് ഉച്ചത്തില്‍ രണ്ടുമൂന്നു തവണ മുദ്രാവാക്യം വിളിച്ചെങ്കിലും ഏറ്റു വിളിക്കാന്‍ ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല.
തങ്ങള്‍ അപമാനിക്കപ്പെടുകയാണ് എന്ന് തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.യുഡിഎഫ് ഭരണം നേടിയെടുത്തു എന്ന് വീമ്പ് പറയുന്നെങ്കിലും മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഒന്നും തന്നെ കോണ്‍ഗ്രസിന് ഇല്ല.വൈസ് ചെയര്‍മാന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ചുമതലയുള്ളതുകൊണ്ട് അതു മായാ രാഹുല്‍ തന്നെ വഹിക്കും.പിന്നീട് ആകെയുള്ളത് 3 സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ മാത്രമാണ്.
നഗരസഭയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ അതില്‍ രണ്ടെണ്ണമെങ്കിലും കേരള കോണ്‍ഗ്രസ് (എം)ന് ലഭിക്കാനുള്ളതാണ്.പിന്നീടുള്ള മൂന്ന് സ്ഥാനങ്ങളില്‍ ജോസഫ് ഗ്രൂപ്പിനും മാണി സി കാപ്പന്റെ പാര്‍ട്ടിക്കും വീതം നല്‍കി കഴിഞ്ഞാല്‍ അവശേഷിക്കുന്നത് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം മാത്രമാണ്.
മാണി സി കാപ്പന്റെ കെ ഡി പി ദയ തോന്നി അത് വേണ്ടെന്ന് വെച്ചാലും ആകെ ലഭിക്കുക രണ്ട് സ്ഥാനങ്ങള്‍ മാത്രം.ഇത്രത്തോളം അധ:പതിച്ച് എന്തിന് ഈ പ്രഹസനത്തിന് കൂട്ടുനില്‍ക്കുന്നു എന്നുള്ളതാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും വികാരം.
നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ മാണി സീ കാപ്പന് വോട്ട് പിടിക്കാനുള്ള കൂലിപ്പടയാളികളായിട്ടാണോ തങ്ങളെ കോണ്‍ഗ്രസിന്റെ ജില്ലാ – സംസ്ഥാന നേതൃത്വം കാണുന്നതെന്നാണ് അവരുടെ ചോദ്യം.






