തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്.
കേസിലെ മറ്റ് പ്രതികളായ സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്തു. ശബരിമലയിൽ നിന്ന് കവർന്നെടുത്ത സ്വർണം എവിടെയെല്ലാം എത്തി എന്നതിൽ വ്യക്തത നേടാനാണ് പ്രധാനമായും അന്വേഷണം.
സ്വർണക്കൊള്ളയിൽ മൂവർക്കും ഒരുപോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സംഭവത്തിൽ രാഷ്ട്രീയ–സർക്കാർ തലങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോയെന്നും എസ്ഐടി പരിശോധിച്ചു വരികയാണ്.
ഇതിനിടെ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്. പ്രശാന്തിനെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.






