തൃശ്ശൂർ: അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവതി നാട്ടുകാരുടെ ഇടപെടലോടെ പിടിയിലായി. തമിഴ്നാട് സ്വദേശിനിയായ പളനി അമ്മാളിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ പേരാമംഗലം സ്വദേശികളായ കുടുംബത്തിന്റെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലയാണ് പൊട്ടിച്ചത്.
ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്രപരിസരം നിറഞ്ഞ തിരക്കിലായിരുന്നു. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.കുഞ്ഞിന്റെ കഴുത്തിൽ മാലപൊട്ടിച്ചെടുക്കുന്നതിനിടെ ബഹളം കേട്ട് ആളുകൾ ഓടിക്കൂടി.
ഇതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് പിന്തുടർന്നു. രക്ഷപ്പെടുന്നതിനിടെ മാല സമീപത്തെ ഒരു കടയിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് അറിയിച്ചു. തുടർന്ന് യുവതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.മാലപൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് ചെറിയ മുറിവേറ്റിട്ടുണ്ട്.
ക്ഷേത്രോത്സവങ്ങളുടെ മറവിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ യുവതിയെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




