കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും നല്കിയ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്കുന്ന വ്യക്തിയാണെന്നുമാണ് സ്വര്‍ണ വ്യാപാരിയായ ഗോവര്ദ്ധന് ജാമ്യ ഹര്‍ജിയിലെ വാദം.
ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വര്‍ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ പത്തുലക്ഷം രൂപ ഡിഡിയായും പത്ത് പവന് മാലയായും തിരികെ നല്‍കിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നല്കിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഗോവര്ദ്ധന് വാദിക്കുന്നുണ്ട്.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പൂര്‍ണമായും നിഷേധിക്കുകയാണ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും. ദേവസ്വത്തിന്റെ ഭരണപരമായ പദവിയില്‍ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയില്‍ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നതെന്നും കൂട്ടായ്മയില്‍ അല്ലാതെ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് വാദം.




