തിരുവനന്തപുരം: പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും അധികൃതർ നടപടി എടുക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്.
മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുക പരിശോധനയ്ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ കൃതൃമമായി സോഫ്റ്റ്വെയറിൽ ഉൾക്കൊള്ളിക്കുകയായിരുന്നു. പുക പരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരാണ് ക്രമക്കേട് കാട്ടിയത്.
പൊതുമേഖലയിൽ വിശ്വാസ്യതയുള്ള പുക പരിശോധനാ സംവിധാനം എന്ന പേരിലാണ് കെഎസ് ആർടിസി സ്വന്തമായി ഈ പരിശോധന കേന്ദ്രം ആരംഭിച്ചത്. എന്നാൽ കെഎസ്ആർടിസിയുടെ നിരവധി ബസുകൾക്ക് ഒരേ പരിശോധന ഫലമാണ് നൽകിയിരിക്കുന്നത്.




