കാസർകോട്: ദേശീയപാതയോരത്തെ ജനവാസകേന്ദ്രത്തിൽ പോത്തുകളുടെയും കാളയുടെയും ജഡം തള്ളിയ നിലയിൽ. ദേശീയപാതയോരത്തെ ഒരു സ്വകാര്യ വ്യക്തി മണ്ണ് നീക്കം ചെയ്ത സ്ഥലത്താണ് അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചത്ത കന്നുകാലികളുടെ ജഡങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ ലോറിഡ്രൈവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തിട്ടുണ്ട്. ബൽഗാം സ്വദേശി ഉമേശ് ഗൗഡ ആണ് പ്രതി. അമ്പലത്തറ സിഐ യു.പി. വിപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
സമീപത്തെ സിസി ടിവികളിലൊന്നും ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ ജില്ലയിലെ പോത്ത് കച്ചവടക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മൃഗങ്ങളുടെ ജഡങ്ങൾ അഴുകിത്തുടങ്ങിയതിനാൽ നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴിയെടുത്ത് മൂടി.










