കോട്ടയം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി വികസനപദ്ധതിക്ക് മാതൃക തീർത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈക്കം തോട്ടുവക്കത്ത് കെവി കനാലിന്റെ തീരത്ത് മന്ത്രിയുടെ പുരയിടത്തിലെ രണ്ടേക്കർ സ്ഥലത്ത് നടത്തിയ വിവിധയിനം പച്ചക്കറി കൃഷിയുടെ വിളവെടുപ്പിൽ നൂറുമേനി.
മന്ത്രിയുടെ നിർദേശപ്രകാരമാണ് ഓരോയിനങ്ങളിലും വിത്തുകൾ പാകിയത്. ബുധനാഴ്ച രാവിലെ വിളവെടുപ്പിന് എത്തിയപ്പോൾ പുരയിടം മുഴുവൻ പച്ചപ്പ് നിറഞ്ഞ കാഴ്ചയായിരുന്നു കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. വെണ്ട, മുളക്, വഴുതന, തക്കാളി, കുക്കുമ്പർ, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ തുടങ്ങിയവയാണ് വിളവെടുപ്പിന് പാകമായത്.
ആദ്യ വിളവെടുപ്പിലെ ഉത്‌പന്നങ്ങൾ വൈക്കം ടൗൺ ഗവ. എൽപി സ്കൂളിലെ വിദ്യാർഥികൾക്കായി മന്ത്രി കൈമാറി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർപേഴ്‌സൺ സൗദാമിനി അഭിലാഷ്, ആത്മാ പ്രോജക്ട് ഡയറക്ടർ മിനി ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ റെജി മോൾ, ഡോ. അനീസ്, അധ്യാപക പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ,മറ്റു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.




