കോഴിക്കോട്: ചികിത്സാപ്പിഴവിനെ തുടർന്ന് ഒമ്പതുവയസുകാരന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി കുടുംബത്തിന്റെ പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിന്റെ മകന്റെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്.
കുപ്പിച്ചില്ല് കൊണ്ട് കൈ മുറിഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 15നാണ് കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് അന്നുതന്നെ തുന്നലിട്ടിരുന്നു. എന്നാൽ തുന്നൽ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി മനസ്സിലായതെന്ന് കുടുംബം ആരോപിച്ചു.
ചലനവള്ളി പൊട്ടിയതാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറഞ്ഞു. ചികിത്സയിൽ പിഴവ് സംഭവിച്ചതായും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തുന്നൽ അഴിച്ചപ്പോഴാണ് മകന് വിരൽ ഒട്ടും മടക്കാൻ കഴിയുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നും, തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോൾ ഞരമ്പിന് തകരാർ സംഭവിച്ചതാണെന്ന് അറിയിച്ചതായും കുടുംബം ആരോപിച്ചു.
വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ കുട്ടിയുടെ പഠനവും ദൈനംദിന പ്രവർത്തനങ്ങളും ബാധിച്ചെന്നും, കഴിഞ്ഞ ഒരുമാസമായി വീട്ടിൽ തന്നെ കഴിയുകയാണെന്നും കുടുംബം വ്യക്തമാക്കി.


