തിരുവനന്തപുരം: പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നേമം സ്വദേശിയും നെയ്യാറ്റിൻകരയിലെ ‘നടരാജ് ഫിനാൻസ്’ സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീജിത്തിനെയാണ് നെയ്യാറ്റിൻകര പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
നെയ്യാറ്റിൻകരയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞ തുകയ്ക്ക് പണയത്തിലുള്ള സ്വർണത്തിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷം, പണയം തിരിച്ചെടുത്ത് വിറ്റാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും അതിൽ വിഹിതം നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഉടമകളിൽ നിന്ന് സ്വർണവും അനുബന്ധ രേഖകളും കൈപ്പറ്റിയത്.
തുടർന്ന് ഈ സ്വർണം മറ്റ് സ്ഥലങ്ങളിൽ വിറ്റ് പണം കൈക്കലാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോകുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തനരീതി. ശ്രീജിത്തിനെതിരെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ മാത്രം നിരവധി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
തുടർച്ചയായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ ദീർഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ശ്രീജിത്തിനെ പിടികൂടിയത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


