കൊച്ചി: എറണാകുളം കലൂർ ഫ്രീഡം റോഡിൽ യൂസർ ഫീ ആവശ്യപ്പെട്ടെത്തിയ ഹരിതകർമസേന ദമ്പതികൾക്ക് മർദനമേറ്റതായി പരാതി. ഹരിതകർമസേനാംഗങ്ങളായ സിജോ വർഗീസിനും ഭാര്യയ്ക്കുമാണ് ഷാജഹാൻ എന്ന യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് പരാതി.
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർ ഫീസായ 200 രൂപ കുടിശ്ശികയായതിനെ തുടർന്ന് പിരിവിനായി എത്തിയപ്പോഴാണ് സംഭവം. താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം ഫീസ് നൽകാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, മുകളിലെ നിലയിൽ താമസിക്കുന്ന ഷാജഹാന്റെ കുടുംബത്തിൽ നിന്ന് 200 രൂപ വാങ്ങി നൽകിയിരുന്നു. ഇതിന് പിന്നാലെ മുകളിൽ നിന്ന് ഇറങ്ങിയെത്തിയ ഷാജഹാൻ ആക്രമിക്കുകയായിരുന്നെന്ന് സിജോ വർഗീസ് ആരോപിച്ചു.
ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ സിജോ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കസബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നുമാണ് പരാതി.
അതേസമയം, ഹരിതകർമസേനാംഗങ്ങൾ വീട്ടിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളെ ആക്രമിച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുമെന്നും കൗൺസിലർ പ്രജിത്ത് അറിയിച്ചു.


