പാലക്കാട്: ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. വടക്കഞ്ചേരി ഏരിയയിലെ മംഗലം ലോക്കൽ കമ്മിറ്റി പരിധിയിലെ പയ്യക്കുണ്ട് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പാർടി സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ പരിപാടിക്ക് തുടക്കം കുറിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഗൃഹസന്ദർശനം ഒരാഴ്ചക്കാലം നീണ്ടുനിൽക്കും.
തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പാർടി പ്രവർത്തകർ ജനങ്ങളുമായി തുറന്ന സംവാദം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകർന്നുകൂടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ബിജെപിയും യുഡിഎഫും നടത്തിയ പ്രചാരണങ്ങൾ മതനിരപേക്ഷത തകർക്കുന്നതും വിശ്വാസത്തെ രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്യുന്നതുമായിരുന്നുവെന്നും, ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന വസ്തുതയും ജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിന്റെ ഭാഗമായി വാർഡ് തലത്തിൽ കുടുംബയോഗങ്ങളും ലോക്കൽതലങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കും.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കൾ വരുംദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും:
എ വിജയരാഘവൻ (പിബി അംഗം): 21-ന് പട്ടാമ്പി മണ്ഡലം.
കെ രാധാകൃഷ്ണൻ (കേന്ദ്രകമ്മിറ്റി അംഗം): 21-ന് നെന്മാറ, 22-ന് ചിറ്റൂർ.
പുത്തലത്ത് ദിനേശൻ (കേന്ദ്രകമ്മിറ്റി അംഗം): 22-ന് പാലക്കാട്, 25-ന് മണ്ണാർക്കാട്.
കെ എസ് സലീഖ (കേന്ദ്രകമ്മിറ്റി അംഗം): 19-ന് ഷൊർണൂർ, 21-ന് ഒറ്റപ്പാലം.
പി കെ ബിജു (സംസ്ഥാന സെക്രട്ടറിയറ്റ് അംഗം): 17-ന് തരൂർ മണ്ഡലം.
ഇ എൻ സുരേഷ്ബാബു (ജില്ലാ സെക്രട്ടറി): വെള്ളിയാഴ്ച ചിറ്റൂർ, അടുത്തദിവസങ്ങളിൽ കൊല്ലങ്കോട്, പാലക്കാട്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ (ചിറ്റൂർ, തരൂർ, ആലത്തൂർ), എൻ എൻ കൃഷ്ണദാസ് (കോങ്ങാട്, മലമ്പുഴ, പാലക്കാട്), മന്ത്രി എം ബി രാജേഷ് (തൃത്താല), കെ ശാന്തകുമാരി എംഎൽഎ (കോങ്ങാട്) എന്നിവരും എംഎൽഎമാരും അതത് മണ്ഡലങ്ങളിൽ വീടുകൾ സന്ദർശിക്കും.




