തൃശ്ശൂർ: പന്നിത്തടം സെൻററിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പതിനാറ് പേർക്ക് പരിക്കേറ്റു. രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. മകരവിളക്ക് ദർശനം കഴിഞ്ഞ് കോഴിക്കോട് ഭാഗത്തേക്ക് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
കേച്ചേരി ഭാഗത്തുനിന്ന് എത്തിയ ബസ് പന്നിത്തടം സെൻററിൽ എത്തുന്നതിനിടെ കുന്നംകുളം ഭാഗത്തുനിന്ന് വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ശക്തിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മിനി ലോറിയും പൂർണ്ണമായും തകർന്നു.അപകടത്തിൽ പരിക്കേറ്റ ബസ് യാത്രക്കാരെയും മിനി ലോറി ഡ്രൈവറെയും അടക്കം നിരവധി പേരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചിലർക്കു ഗുരുതര പരിക്കുകളുണ്ടെന്നാണ് പ്രാഥമിക വിവരം.രാത്രിയും പുലർച്ചെയുമായി പന്നിത്തടം മേഖലയിലുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






