മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയ പ്രവിശ്യയിൽ അതിശക്തമായ മിന്നൽ പ്രളയം. വിനോദ സഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യനിൽ ജന ജീവിതമാകെ സ്തംഭിച്ച അവസ്ഥയിലാണ്. വൻ നാശനഷ്ടങ്ങളാണ് പ്രളയം വിതച്ചത്. ചെളിയും മണ്ണും കലർന്ന മലവെള്ളപ്പാച്ചിലിൽ കാറുകളും കാരവനുകളും ഒഴുക്കി പോകുന്ന ദൃശ്യങ്ങൾ വൈറലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്.
ഒഴുക്കിൽപ്പെട്ട വാഹനങ്ങൾ പലതും തലകീഴായി മറിയുകയും പാലങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. ഇത് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വദ്ധിപ്പിച്ചു. മേഖലയിലെ 6,500ഓളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. ഗതാഗതം അപകടകരമായതിനാൽ റോഡുകൾ അടച്ചു. ക്യാമ്പ് സൈറ്റുകളിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രളയത്തിൽപ്പെട്ടത്. ദുരന്തം സംഭവിച്ച ശേഷമാണ് ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം എത്തിയതെന്ന് ആളുകൾ ആരോപിച്ചു.






