കോട്ടയം: മാന്തുരുത്തിയിൽ പൈപ്പിടാൻ വേണ്ടി കവലയിലെ നല്ല റോഡുകൾ കുത്തിപ്പൊളിച്ചു. ടാറിങ് അവശിഷ്ടങ്ങളും മണ്ണും വലിച്ചിട്ട് താത്കാലികമായി മൂടിയിട്ട് മാസങ്ങളായി. ഇതേ തുടർന്ന് നിരവധി പേർ അപകടത്തിൽപ്പെട്ടു.
മാന്തുരുത്തി കവലയിൽ വാഴൂർ റോഡിനോട് ചേർന്നും, നെടുംകുന്നം -മാന്തുരുത്തി റോഡിന്റെ തുടക്കഭാഗവുമാണ് കുത്തിപ്പൊളിച്ചത്. ബസ്സ്‌റ്റോപ്പിനോട് ചേർന്നുള്ള ഭാഗം പത്തടിയോളം നീളത്തിലാണ് ഇളകി കിടക്കുന്നത്. കറുകച്ചാൽ ഭാഗത്തുനിന്നുവരുന്ന ഇരുചക്രവാഹന യാത്രികരാണ് പെട്ടെന്ന് കുഴികളിലേക്ക് ചാടുന്നത്. അപകടങ്ങളുണ്ടായപ്പോൾ നാട്ടുകാർ കുഴികളിൽ മണ്ണും പച്ചിലകളിട്ടും സൂചനനൽകിയിരുന്നു. ഇപ്പോൾ പൂർണമായി തകർന്നുകിടക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലും ബൈക്ക് യാത്രികൻ കുഴിയിൽച്ചാടി വീണിരുന്നു. നെടുംകുന്നം-മാന്തുരുത്തി റോഡ് പണിയുമെന്ന കാരണത്താലാണ് കുഴികൾപോലും അടയ്ക്കാൻ പിഡബ്ല്യുഡി തയ്യാറാകാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.






