പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഏകദേശം ഒന്നരയോടെയാണ് സംഭവം നടന്നത്.
തീപ്പിടിത്തത്തിൽ പൊള്ളലേറ്റ രജനിയെയും ഇളയ മകനെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് തീ കൊളുത്തിയ ശേഷം പ്രതിയായ സിജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
രജനിയുടെയും സിജുവിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിനു ശേഷം ഇരുവരും ഒരു വാടകവീട്ടിലായിരുന്നു താമസം. രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് വീടിന് തീപിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സിജുവിനെ വീട്ടിൽ കാണാനില്ലായിരുന്നു.
ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് സിജു വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ കൈവശമുണ്ടായിരുന്ന ടിന്നറോ പെട്രോളോ ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വീടിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു.






