ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ് ഭാരതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2024 മേയ് 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്. ജല ഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുടുംബ വഴക്കിനെത്തുടർന്ന് അമ്പിളിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് അടുത്തുവെച്ചായിരുന്നു അരുംകൊല നടന്നത്. കടകളിൽ നിന്ന് പണം പിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് മുതുകിലും കഴുത്തിലുമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. മൂന്ന് തവണയാണ് അമ്പിളിക്ക് കുത്തേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കളക്ഷൻ പണവുമായി രാജേഷ് മുങ്ങി.




