കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസുകാരനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. രജത് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്‌ക്വയറിന് സമീപം പോലീസിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം.
സംശയാസ്പദമായി കണ്ട ആറംഗ സംഘത്തിന് സമീപത്തേക്ക് പോലീസ് വാഹനം എത്തിയതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇവർ അക്രമാസക്തരാവുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിന്റെ വലതുകൈയിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിയത്. ആക്രമണത്തിന് പിന്നാലെ സംഘം വീണ്ടും ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ആദർശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
സംഭവത്തിന് പിന്നാലെ പ്രതികൾക്കായി പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയോടെ സംഘത്തിലെ മൂന്നുപേരെ പിടികൂടുകയായിരുന്നു. ആറംഗ സംഘത്തിലെ രണ്ടുപേർ സംഭവസമയത്ത് തന്നെ ഓടിരക്ഷപ്പെട്ടതിനാൽ, സ്ഥലത്തുണ്ടായിരുന്ന നാലുപേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ഇനി ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് ടൗൺ സി.ഐ ധനഞ്ജയദാസ് അറിയിച്ചു. അറസ്റ്റിലായവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.











