സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് ഇനി ഓർമ്മ. സംഗീതത്തെ ഇഷ്ടപ്പെടുന്ന മലയാളികളുടെ മനസ്സിലേക്ക് ഒരു പാട്ടായി കടന്നു വന്നയാളാണ് എസ് പി വെങ്കിടേഷ് . സിനിമയിലെ ഗാനങ്ങൾ സാഹചര്യങ്ങളോട് ഇണങ്ങി നിൽക്കണമെന്ന് ശാഠ്യം പിടിക്കുന്ന സംവിധായകരുള്ള കാലത്ത് എണ്ണിയാലൊതുങ്ങാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച വ്യക്തിത്വമാണ് എസ് പി വെങ്കിടേഷ് .സലില്‍ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടില്‍ നിന്നു വന്ന് നമ്മൾ മലയാളികളെ സംഗീതത്തിന്റെ മാസ്മരിക ലോകം കാണിച്ചു തന്നു അദ്ദേഹം.

മാൻഡലിൻ വാദകനായിരുന്ന അച്ഛൻ പഴനിയിൽ നിന്നു കിട്ടിയ സംഗീതമാണ് എസ് പി വെങ്കിടേഷിനെ സംഗീത ലോകത്തോട് അടുപ്പിച്ചത്.പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ്സു മുതല്‍ക്കേ അതിനൊപ്പമായിരുന്നു അദ്ദേഹം. പിന്നീട് ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു.

1968 മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കടേഷ് സ്ഥിര സാന്നിധ്യമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഓർക്കെസ്ട്രേഷനുള്ള അപാരമായ മികവ് നേടിയെടുത്തത്. അത് പിന്നീടുള്ള അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന് മുതൽക്കൂട്ടാവുകയായിരുന്നു. പിന്നീട് 71 ൽ സംഗീതസംവിധായകൻ വിജയഭാസ്കറിനൊപ്പമാണ് സിനിമയിലേക്ക് എത്തുന്നത്. 80 കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എസ് പി വെങ്കിടേഷ് മാറുന്നത്. 83 ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. രാഘവൻ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. തമ്പി കണ്ണന്താനത്തിന്‍റെ രാജാവിന്‍റെ മകൻ എന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഇദ്ദേഹത്തിന്‍റേതായിരുന്നു. 90കളിലെ അദ്ദേഹത്തിന്‍റെ പാട്ടുകളിൽ സൂപ്പര്‍ഹിറ്റല്ലാത്തവ വളരെ കുറവാണ്.






