ചെന്നൈ: തായ്ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപയോളം വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികളെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പിടിയിലായവർ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണെന്നാണ് പ്രാഥമിക വിവരം. കാസർകോടും കൊച്ചിയും കേന്ദ്രീകരിച്ചുള്ള സംഘമാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു.
രണ്ടു വ്യത്യസ്ത വിമാനങ്ങളിലായാണ് പ്രതികൾ ചെന്നൈയിലെത്തിയത്. ആദ്യസംഘത്തിൽപ്പെട്ട നാല് പേർ ബാങ്കോക്കിൽ നിന്നാണ് എത്തിയത്. വിനോദസഞ്ചാരത്തിനായി തായ്ലൻഡിൽ പോയി മടങ്ങുകയാണെന്നായിരുന്നു ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ തായ്ലൻഡിൽ എത്തിയതിന് പിറ്റേദിവസം തന്നെ മടങ്ങിയെത്തിയതിൽ സംശയം തോന്നിയതോടെ കസ്റ്റംസ് സംഘം ഇവരെ വിശദമായി പരിശോധിച്ചു. തുടർന്ന് 15 കിലോഗ്രാം ഉയർന്ന ഗുണമേന്മയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ ഇതിന് ഏകദേശം 15 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെയോടെ ബാങ്കോക്കിൽ നിന്ന് എത്തിയ മറ്റൊരു വിമാനത്തിലാണ് രണ്ടാമത്തെ സംഘം എത്തിയത്. ഇവരും തായ്ലൻഡിൽ എത്തിയതിന് പിറ്റേദിവസം തന്നെ മടങ്ങിയെത്തിയിരുന്നു. പരിശോധനയിൽ ഇവരിൽ നിന്ന് 8 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 8 കോടി രൂപ വിലമതിക്കുന്നതാണ് ഈ കഞ്ചാവ്.




