തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വാമനപുരം–കണിച്ചോട് സ്വദേശിയായ കെൽവിനാണ് പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
കുട്ടിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. മൂക്ക്, വായ്, നെറ്റി എന്നിവിടങ്ങളിൽ നായ കടിച്ചതായി റിപ്പോർട്ടുണ്ട്. ഉടൻ തന്നെ കുട്ടിയെ വാമനപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




