കൊച്ചി: കൊച്ചിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹം കളമശ്ശേരി ശ്മശാനത്തിൽ മതാചാരങ്ങൾ പാലിച്ച് സംസ്കരിക്കുമെന്നാണ് വിവരം. മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
കുവൈത്ത് മദ്യദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലാണ് ലാമ കേരളത്തിലെത്തിയത്. തുടർന്ന് കുവൈത്തിൽ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നത്.
കേസിൽ പൊലീസ് കടുത്ത ഹൈക്കോടതി വിമർശനം നേരിട്ടിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടും ലാമയെ കണ്ടെത്താൻ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം കോടതി ഉന്നയിച്ചു. സംഭവത്തിൽ ലജ്ജ തോന്നുന്നുവെന്നും നെടുമ്പാശ്ശേരി എസ്എച്ച്ഒ തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഒക്ടോബർ അഞ്ചിന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതിന് ശേഷം കാണാതായ സൂരജ് ലാമയെ കണ്ടെത്താൻ മകൻ നടത്തിയ തിരച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പൊലീസ് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷവും ഓർമ്മശക്തി നഷ്ടപ്പെട്ട ലാമ അവിടെ നിന്ന് വീണ്ടും കാണാതായി.
തുടർന്ന് മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി. രണ്ടുമാസം മുൻപാണ് കളമശ്ശേരി എച്ച്എംടി പരിസരത്ത് നിന്ന് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഡിഎൻഎ പരിശോധനാഫലത്തിനായി കുടുംബം കാത്തിരിക്കുകയായിരുന്നു.






