പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കാവുണ്ടിക്കലെ കർഷകനായ കൃഷ്ണസ്വാമിക്ക് ഭൂമിയുടെ തണ്ടപ്പേര് ലഭിക്കാതിരുന്നതിനെ തുടർന്നാണ് ആത്മഹത്യയുണ്ടായതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2025 ഒക്ടോബറിലാണ് സംഭവം നടന്നത്.
അന്വേഷണത്തിൽ കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ലെന്നതാണ് നിലവിലെ കണ്ടെത്തൽ. എന്നാൽ ഭൂമിയുടെ കൈമാറ്റം നടന്നതായി രേഖകളിൽ കാണപ്പെടുന്നതായും, റവന്യൂ രേഖകളിൽ പഴയ ഉടമയുടെ പേര് നീക്കം ചെയ്ത് പുതിയ ഉടമയുടെ പേര് ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്. സമാന സ്വഭാവത്തിലുള്ള മറ്റ് കേസുകൾ ഉണ്ടോയെന്ന് പരിശോധിച്ച് അടിയന്തര അന്വേഷണം നടത്താൻ ലാൻഡ് റവന്യൂ കമ്മീഷണർക്കു നിർദേശം നൽകിയിട്ടുണ്ട്.
ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥർ, ചില വില്ലേജ് ജീവനക്കാർ എന്നിവർ ക്രമക്കേടുകൾ നടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൃഷ്ണസ്വാമിയുടെ രേഖകളിൽ തിരിമറി നടത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും റീ സർവേ രേഖകൾ പുനപരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഭൂസർവേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാക്കുക, രേഖകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.




