തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. യുവതിയെ മാനസികമായി ബാധപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തതാണെന്ന ആരോപണത്തെ അടിസ്ഥാനമാക്കി മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യം ലഭിച്ചാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും, സമാന രീതിയില്‍ മറ്റ് യുവതികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, പരാതിക്കാരിയുടെ മൊഴി പരിശോധിച്ചപ്പോൾ ബലാത്സംഗം നടന്നതായി പ്രാഥമികമായി കണ്ടെത്താനാകില്ലെന്ന നിരീക്ഷണം കോടതി നടത്തി. വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായോ ധാര്‍മികമായോ കുറ്റകരമല്ലെന്നും, ഈ സാഹചര്യത്തില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ അടിസ്ഥാനമെന്താണെന്നുമാണ് കോടതി ചോദിച്ചത്. പ്രതിയുടെ കൈവശം സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. മറ്റു രണ്ട് കേസുകളില്‍ നേരത്തെ ജാമ്യം നേടിയിരുന്ന രാഹുലിന് ആദ്യ കേസിലെ ഈ വിധി നിര്‍ണായകമായി കണക്കാക്കപ്പെടുന്നു.






