കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ രാഷ്ട്രീയ പോസ്റ്ററുകൾ വെച്ച് പ്രചരിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം. എൽ.ഡി.എഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്ററുകൾ കബറിടത്തിൽ വെക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് വിശ്വാസികളെയും ജനങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസികൾ അതീവ വിശുദ്ധിയോടെ കാണുന്ന കബറിടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് സാംസ്കാരിക വൈകൃതമാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു.
നിരവധി പുരോഹിത ശ്രേഷ്ഠന്മാരുടെ കബറിടങ്ങൾക്ക് സമീപമാണ് ഉമ്മൻചാണ്ടി സാറിന്റെ കബറിടവും സ്ഥിതി ചെയ്യുന്നത്. അദ്ദേഹം വിടവാങ്ങിയിട്ട് കാലമേറെ കഴിഞ്ഞിട്ടും ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് ദിവസവും പ്രാർത്ഥനയ്ക്കായി ഇവിടെ എത്തുന്നത്. ഈ പുണ്യസ്ഥലത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത് ക്രൈസ്തവ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും, മതവിശ്വാസങ്ങളെ മുറിപ്പെടുത്തി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
ഈ വിഷയത്തിൽ മധ്യമേഖലാ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണിയും എൽ.ഡി.എഫ് നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിശ്വാസികളെ ആഴത്തിൽ വേദനിപ്പിച്ച ഈ നടപടിയെ തള്ളിപ്പറയാനും, ജാഥാ ക്യാപ്റ്റൻ എന്ന നിലയിൽ പുതുപ്പള്ളിയിലെ വിശ്വാസ സമൂഹത്തോട് ഖേദം പ്രകടിപ്പിക്കാനും ജോസ് കെ. മാണി തയ്യാറാകണം. രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് കോട്ടയത്തിന്റെ മണ്ണിൽ ഇത്തരത്തിലുള്ള പ്രവണതകൾ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ ഓർമ്മിപ്പിച്ചു.




