തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സർക്കാരിൻറെ ഓപറേഷൻ തൂഫാന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിൻറെ യുവത്വത്തെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരവനിൽ കേറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. അന്തർ സംസ്ഥാന ലഹരി സംഘങ്ങളെ തകർക്കാനുള്ള കാര്യങ്ങൾ പദ്ധതിയിലുണ്ട്. ഇൻ്റലിജൻസ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാൻ നോഡൽ ഓഫീസർ. എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കണം. പദ്ധതി വിജയിക്കാൻ ജനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി പൊലീസിൻ്റെ ആപ്പുകൾ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നൽകുന്നവരുടെ വിവരങ്ങൾ പുറത്തു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപറേഷൻ തൂഫാന് എക്സൈസ് വകുപ്പിൻറെ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി എം.ലിജു പറഞ്ഞു. എക്സൈസിൻറെ നിലവിലുള്ള ദൗർബല്യം പരിഹരിക്കും. പൊലീസിനൊപ്പം എക്സൈസിൻറെ എൻഫോഴ്സ്മെൻറെ പ്രവർത്തനവും ശക്തിപ്പെടുത്തുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.






