അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇപ്പോഴേ നീക്കം തുടങ്ങുകയാണ് ബിജെപി. അതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ചുപേർ പുറത്താകുമെന്നുമാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കസേരകൾക്കും ഇളക്കമുണ്ടാകും. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നതുമാണ് പ്രധാന അഭ്യൂഹം.
കേരളത്തിൽ നിന്ന് നിലവിൽ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ സുരേഷ് ഗോപി തുടരുമെന്ന തരത്തിലാണ് ഇപ്പോൾ വരുന്ന സൂചന. അങ്ങനെ സംഭവിച്ചാൽ ജോർജ് കുര്യനായിരിക്കും തെറിക്കുക. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യൻ. കാലാവധി അവസാനിക്കിരിക്കെ വീണ്ടും ബിജെപി പരിഗണിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മറ്റൊരു പ്രധാന അഭ്യൂഹം യുവനേതാവ് അനൂപ് ആന്റണിയെ ചുറ്റുപ്പറ്റിയാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവമുഖവുമാണ് അനൂപ് ആൻ്റണി. നിയമസഭ തെരഞ്ഞെടുപ്പിൽ തിരവല്ലയിൽ മത്സരിച്ച ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. യുവമോർച്ച ശീയ ഭാരവാഹിയായുള്ള പരിചയവും പ്രധാനമന്ത്രിയുമായി അടുത്ത ബന്ധവുമുള്ള യുവനേതാവ് എന്ന ആനുകൂല്യത്തിൽ അനൂപ് ആൻറണി മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഇതിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളും ബിജെപി മനസിൽ കാണുന്നുണ്ട്. ഒരുതവണ പാളിപ്പോയെങ്കിലും തങ്ങളുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രോഗ്രാമിൽ നിന്ന് ബിജെപി പൂർണമായും പിന്നോട്ട് പോയിട്ടൊന്നുമില്ല. അതിനാൽ ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും അനൂപിന് അനുകൂല ഘടകമാണ്. ഒരുപക്ഷേ സുരേഷ് ഗോപിയെ ഒഴിവാക്കി അനൂപ് വരാനും സാധ്യതയുണ്ട്.
എന്നാൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സി സദാനന്ദനാണ് കേരളത്തിൽ നിന്നും പരിഗണനയിലുള്ളവരുടെ മുൻ നിരയിലെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേരള രാഷ്ട്രീയത്തിൽ അത്ര കേട്ടുപരിചയമുള്ള പേരല്ലെങ്കിലും രാജ്യസഭയിലെ പ്രവർത്തനങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴായി പുകഴ്ത്തിയുള്ള അംഗമാണ് സി സദാനന്ദൻ. രാഷ്ട്രപതി നാമനിർദേശം ചെയ്ത് എത്തിയ അംഗമാണെങ്കിലും, മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. 2025 ജൂലൈയിലാണ് സദാനന്ദൻ രാജ്യസഭയിലെത്തിയത്. സിപിഎമ്മിൻറെ അക്രമ രാഷ്ട്രീയത്തിൻറെ ജീവിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ സദാനന്ദനെ ഉയർത്തിക്കാട്ടുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലാണ് രാജ്യസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായത്. ഇതേ ചിന്ത തന്നെയായിരിക്കും ഇപ്പോഴും മോദിയുടേയും അമിത് ഷായുടേയും മനസിൽ.





