തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പൊലീസ്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയിരുന്നോയെന്ന് പരിശോധിക്കുന്നതിനായി നെടുമങ്ങാട് പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.
അര്‍ഷിദിന്റെ മരണദിവസം നാഗര്‍കോവിലില്‍ ഡാന്‍സ് പരിപാടിക്കായി പോയിരുന്നുവെന്നാണ് അഖില പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അഖിലയുടെ പതിവായ തമിഴ്‌നാട് യാത്രകളിലും അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
കേസിലെ അന്വേഷണത്തില്‍ കുട്ടിയുടെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടാണെന്ന് പൊലീസ് കണ്ടെത്തി. ചവിട്ടേറ്റ് ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് അഞ്ചിടത്ത് നീര്‍ക്കെട്ടും ഉണ്ടായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ പലതും പഴയ മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, അഖിലയുടെ ആണ്‍സുഹൃത്ത് അഷ്‌കറിനെതിരെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് പണം തട്ടിയെന്ന പരാതികളാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് അഷ്‌കര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. പൊള്ളലേറ്റതും മര്‍ദ്ദനമേറ്റതും ഉള്‍പ്പെടെ നൂറോളം പരിക്കുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചുവെന്നും അതോടെ ബോധം നഷ്ടമായെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഖിലയും കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് സമ്മതിച്ചിരുന്നു.






