ന്യൂഡൽഹി: മയക്കുമരുന്ന് മാഫിയകൾ രാജ്യത്തെ യുവതലമുറയുടെ ഭാവി തകർക്കുകയാണെന്നും ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി അനിവാര്യമാണെന്നും സുപ്രീംകോടതി. എംഡിഎംഎ ഗുളികകൾ കൈവശം വച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം.
മയക്കുമരുന്ന് വ്യാപാരം സമൂഹത്തിനും യുവാക്കൾക്കും ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇത്തരം കേസുകളിലെ പ്രതികളോട് വിട്ടുവീഴ്ച കാണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതിയായ സ്റ്റീഫൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
മയക്കുമരുന്ന് കച്ചവടക്കാരെ കൈകാര്യം ചെയ്യുമ്പോൾ നിയമം ശക്തമായി തന്നെ ഇടപെടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ തലമുറകളുടെ ജീവിതം നശിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവരുടേതെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്റ്റീഫൻ ജാമ്യത്തിനായി നടത്തുന്ന ആറാമത്തെ ശ്രമമായിരുന്നു ഇത്. 2026 ഫെബ്രുവരിയിലും മദ്രാസ് ഹൈക്കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2022 ജൂൺ 11-ന് ചെന്നൈയിൽ നടന്ന സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പൊലീസ് രേഖകൾ പ്രകാരം, സംശയാസ്പദ സാഹചര്യത്തിൽ ബാഗുമായി നിൽക്കുകയായിരുന്ന പ്രതികളോട് പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 10.15 ഗ്രാം തൂക്കമുള്ള 21 എംഡിഎംഎ (എക്സ്റ്റസി) ഗുളികകൾ കണ്ടെത്തി.
പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രക്ഷപ്പെട്ട മൂന്നാം പ്രതിയെയും പിന്നീട് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കൾ പ്രത്യേക കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് മൂന്ന് ആഴ്ച പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചതിൽ നടപടിക്രമ ലംഘനമുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാങ്കേതിക വാദങ്ങളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.






