തൃശ്ശൂർ: ജില്ലയിൽ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടി 25 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ സർക്കാർ അതിഥി മന്ദിരം ഫെബ്രുവരി 19ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന് സമീപം നിർമിച്ച ഗസ്റ്റ് ഹൗസ് ഭൂഗർഭ പാർക്കിങ് സൗകര്യമുൾപ്പെടെ എട്ട് നിലകളിലായി 60,000 ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്.
ആകെ 55 മുറികളാണ് അതിഥി മന്ദിരത്തിലുള്ളത്. വിഐപികൾക്കായി ഒരു പ്രസിഡൻഷ്യൽ റൂം, നാല് സ്യൂട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 50 സ്റ്റാൻഡേർഡ് റൂമുകളും ലഭ്യമാകും.കേന്ദ്രകൃത ശീതീകരണ സംവിധാനം, മൂന്ന് ലിഫ്റ്റുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ ഡൈനിംഗ് ഹാൾ, കാന്റീൻ സൗകര്യം എന്നിവയും ഗസ്റ്റ് ഹൗസിലുണ്ട്.
പഴയ സർക്കാർ അതിഥി മന്ദിരത്തിന്റെ ജീർണാവസ്ഥ നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് സർക്കാർ അനുമതി നൽകിയതോടെയാണ് പദ്ധതി ആരംഭിച്ചത്. തുടർന്നുള്ള ഇടപെടലുകളിലൂടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു.










