ഇടുക്കി: യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കില്ലെങ്കിൽ രാഷ്ട്രീയ ‘വനവാസത്തിന്’ പോകുമെന്ന് മുമ്പ് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ‘വനവാസം’ എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു. വാഗമണിലെ റിസോർട്ടാണ് ശനിയാഴ്ച രാവിലെ അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രസംഗങ്ങളിലാണ് യുഡിഎഫിന് മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസത്തിലേക്ക് പോകുമെന്ന സതീശന്റെ പ്രഖ്യാപനം ശ്രദ്ധേയമായത്. ഈ പ്രസ്താവന പിന്നീട് പല വേദികളിലും അദ്ദേഹം ആവർത്തിച്ചിരുന്നു.
ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ആഴ്ചകൾ ബാക്കിയിരിക്കെ ‘വനവാസം’ എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുത്തത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവിന്റെ അവധിക്കാല ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം കുടുംബത്തോടൊപ്പം കുട്ടിക്കാനം, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ അവധി ചിലവഴിക്കുന്ന ദൃശ്യങ്ങൾ “വനത്തിലാണ്, വനവാസത്തിന് അല്ല” എന്ന കുറിപ്പോടെ വ്യാപകമായി പ്രചരിച്ചിരുന്നു.




