തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്.
വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങണം. കുടുംബത്തെ നോക്കുകയും മുതിർന്നവർ പറയുന്നത് കേൾക്കുകയും വേണമെന്നുമായിരുന്നു നൈനാരുടെ ആക്ഷേപം. തമിഴ്നാട്ടിൽ മത്സരം ഡിഎംകെയ്ക്കും ടിവികെയ്ക്കും ഇടയിൽ ആണെന്ന് സേലത്തെ റാലിയിൽ വിജയ് പല തവണ പ്രസംഗിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഈ പരാമർശം.
ഇതോടെ തമിഴ്നാട് രാഷ്ട്രീയം ആകെ ഇളകി മറിഞ്ഞിരിക്കുകയാണ് എന്ന് തന്നെ പറയാം. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ. കുടുംബവുമായി നല്ല ബന്ധം നിലനിർത്തണം. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
നടനായതുകൊണ്ട് മാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ തനിക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. എന്നാൽ ഈ അധിക്ഷേപം ഉടൻ തന്നെ വൈറൽ ആകുകയും സമൂഹമാധ്യമങ്ങളിലടക്കം നൈനാരിന് എതിരെ ട്രോൾ പെരുമഴ ഉണ്ടാകുകയും ചെയ്തു.
ഈ പരാമർശത്തിൽ വിജയ് പ്രതികരിച്ചക്കില്ല പകരം ശക്തമായ പ്രതികരണവുമായി നടി തൃഷ്യ രംഗത്തെത്തി. അനാദരവിനെതിരെ എപ്പോഴും ശബ്ദമുയർത്തുമെന്ന് തൃഷ തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെ തൃഷയുടെ നിയമോപദേശകൻ നിത്യേഷ് നടരാജ് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന പ്രസ്താവനയെയും പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രൻ ഈ വിവാദ പരാമർശം നടത്തിയത്.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ലെന്നും രാഷ്ട്രീയ നിലപാടുകളിൽ എന്നും നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കി. തന്റെ തൊഴിലിലൂടെ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും, വ്യക്തിജീവിതം പൊതുചർച്ചകൾക്കോ അധിക്ഷേപങ്ങൾക്കോ ഉള്ള വിഷയമാക്കരുതെന്നും തൃഷയുടെ വക്താവ് കൂട്ടിച്ചേർത്തു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും തൃഷ്യ കർശനമായി ആവശ്യപ്പെടും ചെയ്തു.
വിവാദമായതിനു പിന്നാലെ നാഗേന്ദ്രൻ ക്ഷമ ചോദിച്ച് എത്തുകയും ചെയ്തു. ആ പ്രസ്താവന അബദ്ധത്തിൽ നടത്തിയതാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ, ഞാൻ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ് യും ടിവികെയും കനത്ത വെല്ലുവിളിയാകുമെന്നുള്ള ഭയം കൊണ്ടാകാം ബിജെപി നേതാവ് ഇത്തരത്തിൽ പ്രതികരിച്ചതെന്ന ആക്ഷേപങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണ് എന്നാണ് വിജയ് എപ്പോഴും പറയാറുള്ളത്. എന്നാൽ ഇതിനെതിരെ ശബ്ദമുയർത്താൻ ഡിഎംകെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലായെന്നതും ശ്രദ്ധിക്കേണ്ടതാണ്.
വിജയുമായി സംഖ്യം ഉണ്ടാക്കാൻ ബിജെപി മുതൽ കോൺഗ്രസ് വരെയുള്ള മുന്നണികൾ ശ്രമിച്ചിരുന്നുവെങ്കിലും സഖ്യത്തിനോട് ഒന്നും തനിക്കും തന്റെ പാർട്ടിക്കും താല്പര്യമില്ല എന്ന് പറഞ്ഞ വിജയ് തിരഞ്ഞെടുപ്പിൽ ഒറ്റ കക്ഷിയായി നിന്ന് ടിവികെ മത്സരിക്കുമെന്നും അഹ്വാനം ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ത്രീ പരാമർശങ്ങളും വിവാദങ്ങളും ഉയർത്തുന്നത് ഒരു പൊതു രീതിയാണ്. പക്ഷെ വിജയ്ക്കെതിരെ ഇത്തരത്തിലെ ആരോപണങ്ങൾ ഉയർത്തുന്നത് ആരായാലും അവർക്ക് ട്രോളുകൾ ആയിരിക്കും കിട്ടുന്നതെന്നതാണ് വിജയ് ആരാധകരുടെ നിലപാട്.
ടിവികെയുമായി സംഖ്യം രൂപീകരിക്കാമെന്ന ബിജെപിയുടെ പ്ലാൻ നടക്കാതെയായതോടെ സ്ത്രീ സംബന്ധമായ പരാമർശങ്ങൾ ഉയർത്തുകായണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏതായാലും വിജയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടി കിട്ടുന്ന ഒരു രീതിയാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയത്തിൽ കണ്ടുവരുന്നത്.




