പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടേകുന്നു. തദ്ദേശതിരഞ്ഞെടുപ്പു മുതൽ രാജിക്കാര്യം ചർച്ചയായിരുന്നെങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ സിപിഎമ്മും കോൺഗ്രസും സൂക്ഷ്മ നിലപാടുകൾ സ്വീകരിച്ചതായ വാർത്തകളാണ് പുറത്തുവരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദൻ നയിക്കുന്ന വികസനമുന്നേറ്റ ജാഥയിൽ നിന്ന് ഒഴിഞ്ഞുനിന്നതോടെ ഉയർന്ന കോൺഗ്രസ് പ്രവേശന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട്ടെത്തുമ്പോൾ പി.കെ ശശി, വി.എസ് അച്യുതാനന്ദന്റെ മുൻ പി.എ സുരേഷ് എന്നിവരെ കോൺഗ്രസ് പാളയത്തിലെത്തിക്കാൻ ശ്രമം നടന്നിരുന്നതായും പറയപ്പെടുന്നുണ്ട്. എന്നാൽ സുരേഷ് മാത്രമാണ് പിന്തുണയുമായെത്തിയതെന്നും, ഇതിനിടെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതും.
സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പങ്കുവെക്കുന്നത് ശശി ഇപ്പോഴും പാർട്ടി അംഗമാണെന്നും പാർട്ടി വിടാൻ സാധ്യതയില്ലെന്നുമാണ്. ശശി സ്വയം പുറത്തുപോകുന്നെങ്കിൽ പോവട്ടെയെന്നും രക്തസാക്ഷി പരിവേഷം നൽകേണ്ടതില്ലെന്നുമുള്ള സൂചനയും ജില്ലാ നേതൃത്വത്തിൽ നിന്നുണ്ട്.
അതേസമയം, കെ.പി.സി.സി. പ്രസിഡന്റ് സണ്ണിജോസഫ് കൂടുതൽ പ്രതികരണങ്ങൾക്ക് മുതിരുന്നില്ല എന്നതും ശ്രദ്ധേയമാകുകയാണ്. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന ആരോപണം ശശി നിഷേധിച്ചെങ്കിലും, വി.കെ. ശ്രീകണ്ഠൻ എം.പി. ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കളുമായി വ്യക്തിബന്ധം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകളിൽ അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്.
കെ.ടി.ഡി.സി. ചെയർമാൻസ്ഥാനത്തുനിന്ന് മാത്രമാണ് രാജിവെക്കുന്നതെന്നും, വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നും പി.കെ. ശശി പറഞ്ഞിരുന്നു. സി.പി.എം. അംഗമായും ട്രേഡ് യൂണിയൻ രംഗത്തും നിലവിൽ തുടരുന്നുണ്ടെന്നും, നാളെ എന്താവുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ലെന്നും പറഞ്ഞുവെക്കുകയും ചെയ്തു. ശശി വീടിന്റെ മുക്കിലിരിക്കും എന്ന ധാരണ ആർക്കും വേണ്ടെന്നും പൊതുരംഗത്ത് തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ വ്യത്യസ്ത വിലയിരുത്തലുകൾ ശക്തമായി തുടരുകയാണ് ഇപ്പോഴും. വിമതപാർട്ടി രൂപീകരണം, ഒറ്റപ്പാലത്ത് സ്വതന്ത്ര സ്ഥാനാർഥിത്വം, വിലപേശൽ തന്ത്രം തുടങ്ങിയ ചർച്ചകൾ സജീവമായി തുടരുകയാണ്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ നയിച്ച വടക്കൻ മേഖലാ ജാഥയിൽ ശശി പങ്കെടുക്കാതിരുന്നതും ചർച്ചയായിരുന്നു, എന്നാൽ അസുഖം കാരണമെന്നായിരുന്നു ശശിയുടെ വിശദീകരണം.
തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് മണ്ണാർക്കാട്ട് സി.പി.എം. വിമതർ മത്സരരംഗത്ത് എത്തിയതിന് തുടർച്ചയായാണ് പി.കെ. ശശിയെ യു.ഡി.എഫ്. പാളയത്തിലെത്തിക്കാനുള്ള ശ്രമം നടന്നതെന്ന് പറയുന്നുണ്ട്. മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെത്തുന്നതിനെ തുടർന്ന്, മാർച്ച് ആദ്യവാരം സി.പി.എമ്മിലെ അസംതൃപ്തർ യോഗം ചേർന്നേക്കുമെന്ന സൂചനയുമുണ്ട്. പി.കെ. ശശി യു.ഡി.എഫുമായി സഹകരിക്കുന്നത് ഗുണകരമാവുമെന്ന പ്രതീക്ഷ ഒരുവിഭാഗം മുന്നോട്ടുവെയ്ക്കുമ്പോൾ അദ്ദേഹത്തിനെതിരേ യു.ഡി.എഫ്. നടത്തിയ സമരങ്ങളെക്കുറിച്ചുൾപ്പെടെ വിശദീകരിക്കേണ്ടിവരുമെന്ന ആശങ്ക മറുവിഭാഗത്തിനുമുണ്ട്.
2016 മുതൽ 2021 വരെ ഷൊർണൂർ എം.എൽ.എ. ആയിരുന്ന ശശി, 2024-ൽ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. എന്നിരുന്നാലും കെ.ടി.ഡി.സി. ചെയർമാനായി തുടരുകയും ചെയ്തിരുന്നു.
പാർട്ടിയിൽ സജീവമായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, തനിക്കെതിരേ നടപടിക്കുമേൽ നടപടി വന്നപ്പോഴും ഇടതുരാഷ്ട്രീയം മുറുകെപ്പിടിച്ചാണ് മുന്നോട്ടുപോയത്. എന്നാൽ, തന്റെ ബ്രാഞ്ച് ഏതാണെന്ന് ഇപ്പോഴുമറിയില്ലെന്നും ശശി പറയുന്നു.
എന്നാൽ സിപിഎമ്മിൽ നിന്ന് രാജിവെക്കുന്നവരെയും സഹയാത്രികരെയും കൈയിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കാറുള്ളത് എന്നതാണ് ഉയരുന്ന ആക്ഷേപം. ഒറ്റപ്പാലത്ത് യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി പികെ ശശി എത്തുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെ ശശിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് ഇപ്പോൾ ഇടതുപക്ഷവും കേരളവും ഉറ്റുനോക്കുന്നത്.










