ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയെ മോശമായി ബാധിച്ച് തുടങ്ങി. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണവും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് ആസ്തികള്‍ക്കെതിരായ തിരിച്ചടിയും ആഗോള എണ്ണ വിതരണ ശൃംഖലയെ വലിയ തോതില്‍ ചൂട് പിടിപ്പിച്ചു കഴിഞ്ഞു. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു.
ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഇറാന്‍, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള എണ്ണ വിതരണം സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ നിലയ്ക്കുകയോ മന്ദഗതിയിലാവുകയോ ചെയ്തതാണ് വിപണിയെ സ്വാധീനിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ നേരെയുണ്ടായ ആക്രമണം അരങ്ങേരിയ സാഹചര്യം ഉള്‍പ്പെടെ എണ്ണ കയറ്റുമതിയെയും അസംസ്‌കൃത എണ്ണയ്ക്കും ഗ്യാസോലിനും വില ഉയരുന്നതിനും കാരണമാകുന്നെന്ന് വിദഗ്ധര്‍ പറയുന്നു.
ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 78 യുഎസ് ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ ഒരു ബാരലിന് 78.55 യുഎസ് ഡോളറിലാണ് തിങ്കളാഴ്ച വ്യാപരം ആരംഭിച്ചത്. വെള്ളിയാഴ്ച 72.87 യുഎസ് ഡോളറില്‍ നിന്ന് 7.8 ശതമാനമാണ് വര്‍ധിച്ചത്. ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനം വരുന്ന പ്രതിദിനം ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കൈകാര്യം ചെയ്യുന്ന മേഖലയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനുമായി വടക്ക് അതിര്‍ത്തി പങ്കിടുന്ന പ്രദേശം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും ആഗോള വിപണിയില്‍ എത്തിക്കുന്നു.






