പാലക്കാട് :പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിതുറന്നിരിക്കുകയാണ്. പീഡനക്കേസിൽ പ്രതിയായി പാർട്ടിക്ക് പുറത്തുപോയ മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ കടുംപിടുത്തത്തിന് മുന്നിൽ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും അടിയറവ് പറയുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. കെ. മുരളീധരനെപ്പോലൊരു കരുത്തനായ നേതാവിനെ വെട്ടിമാറ്റി, സിനിമാ താരം രമേഷ് പിഷാരടിയെ രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചത് രാഹുലിന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്.
തന്റെ നോമിനിയെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുന്നിൽ വി.ഡി. സതീശനും കെ. സുധാകരനും കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ പരിചയത്തേക്കാൾ ഉപരി രാഹുലുമായുള്ള വ്യക്തിബന്ധമാണ് പിഷാരടിയെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. മുതിർന്ന നേതാക്കളെ നോക്കുകുത്തിയാക്കി ഷാഫി പറമ്പിൽ-രാഹുൽ അച്ചുതണ്ട് നടത്തിയ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തന്റെ ‘റിമോട്ട് കൺട്രോൾ’ ഭരണത്തിനായി രാഹുൽ നടത്തിയ ഈ കുത്തിത്തിരുപ്പ് രാഷ്ട്രീയം പാലക്കാട്ടെ സാധാരണ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി പാർട്ടിയെ ബന്ദിയാക്കിയ രാഹുലിന്റെ തന്ത്രങ്ങൾ മണ്ഡലത്തിൽ തിരിച്ചടിക്കാനാണ് സാധ്യത.



