കൊച്ചി: ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ സ്വദേശി എൽദോസ് (48)നെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്.
മാമലക്കണ്ടം സ്വദേശിയായ ഒരാളും ഭാര്യയും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരാളെ പ്രതി മർദിക്കുന്ന സംഭവം ഇവർ തടയുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.
വൈരാഗ്യത്തെ തുടർന്ന് പ്രതി ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ദമ്പതികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇൻസ്പെക്ടർ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.കെ. രാജേഷ്, പി.എ. സിബി, എ.എസ്.ഐമാരായ കെ.പി. സജി, ഷിനോജ്, ടി.പി. ജോളി, ബേസിൽ ജോസഫ്, സി.പി.ഒമാരായ എ.ജെ. ജിസ്മോൻ, പി.കെ. ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




