ന്യൂഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. നിലവിൽ വലിയ ക്ഷാമമില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവ് ഉണ്ടാകാമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിൽ നിയന്ത്രണം തുടരുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്ത് വാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ മൂന്ന് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. എണ്ണ കമ്പനികളുടെ പ്രതിനിധികളടങ്ങിയ ഈ സമിതി എൽപിജി വിതരണം നിരീക്ഷിക്കും. ഗാർഹിക സിലിണ്ടറുകൾ സംഭരിച്ച് വയ്ക്കുന്നത് തടയാൻ സർക്കാർ പ്രത്യേക നിരീക്ഷണവും ശക്തമാക്കും.
ഇപ്പോൾ ഇന്ത്യയിൽ എൽപിജിക്ക് വലിയ ക്ഷാമമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് വാതകം എത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഇന്ധനവിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഗുജറാത്തിലെ ചില സെറാമിക്, ടൈൽ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തനം നിർത്തിയിട്ടുണ്ട്.
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.
എങ്കിലും ഇപ്പോൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് ഏകദേശം എട്ട് ആഴ്ചത്തേക്കുള്ള ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും ശേഖരമായി ഉണ്ടെന്ന് കണക്കുകൾ പറയുന്നു. അതിനാൽ ഉടൻ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.
പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിയും ആരംഭിച്ചു. ഇതിലൂടെ രാജ്യത്ത് എണ്ണ ലഭ്യത ഉറപ്പാക്കാനാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. അതേസമയം ഇന്ത്യയ്ക്ക് എൽപിജിയും എൽഎൻജിയും കൂടുതലായി ലഭിച്ചിരുന്നത് ഖത്തറിൽ നിന്നാണ്. നിലവിലെ സാഹചര്യം കാരണം ഈ മേഖലയിൽ ചെറിയ ആശങ്കകൾ നിലനിൽക്കുന്നതായും അധികൃതർ വ്യക്തമാക്കി.






