നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ പുകയുന്നത്. മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കുന്നിടത്ത് നിന്നാണ് പുതിയ വിവാദങ്ങളുടെ തുടക്കം. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേരളത്തിലെ ദേശിയ പാത ഉദ്ഘാടന പരിപാടിയില്‍ നിന്ന് സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന് ക്ഷണമുണ്ടെന്നുള്ള വിരോധാഭാസവും പുതിയ പോര്‍മുഖം തുറന്നിട്ടുണ്ട്.
പിന്നാലെ ചടങ്ങ് കൂട്ടത്തോടെ ബഹിഷ്‌കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും ചടങ്ങിനെത്തില്ല. ഈ പരിപാടിയില്‍ പേരുണ്ടെന്ന് തന്നെ ഇന്നലെയാണ് അറിയിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്. എന്നാല്‍ ഒരു ഔദ്യോഗിക ചടങ്ങില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വരുന്നതെങ്ങനെയെന്ന് ബിജെപിക്ക് മാത്രമറിയാവുന്ന സമസ്യ. അതും സംസ്ഥാനത്തെ പ്രധാനപ്പെട്ട മന്ത്രിമാരെ എല്ലാം ഒഴിവാക്കിയിരിക്കുന്ന ഒരു ചടങ്ങില്‍ ബിജെപി അധ്യക്ഷന് കസേര കിട്ടുന്നത് വ്യക്തമായ പ്രോട്ടോക്കോള്‍ ലംഘനം തന്നെയെന്ന് പറയാതെ വയ്യ. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടി പണംമുടക്കിയ ഒരു പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയടിക്ക് കേന്ദ്രം തട്ടിയെടുക്കുന്ന തരത്തിലേക്കാകും വ്യാഖ്യാനങ്ങള്‍ പോവുക.
ചടങ്ങില്‍നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുഹമ്മദ് റിയാസ് പറയുന്നു. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന ഗുരുതരമായ ആരോപണമാണ് റിയാസ് ഉന്നയിക്കുന്നത്. റിയാസിനെ ഒഴിവാക്കിയതിനാലാണ്
കേരളത്തില്‍ സിജെപി മുന്നണിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു പോയിട്ട് മൂന്ന് ദിവസം പോലും തികഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം. വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പരിഹസിക്കുന്ന തരത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ നേരത്തെ വിളിച്ചിട്ടുണ്ട്, കൂടെ മരുമോനേയും വിളിക്കണോ എന്ന് പരിഹാസ രൂപേണ ചോദിക്കുന്ന സംസ്ഥാന അധ്യക്ഷന് പ്രോട്ടോക്കോള്‍ നിയമങ്ങളെ പറ്റി ധാരണയില്ലാതെ പറയുന്നതാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.
ഇതാദ്യമായല്ല ഇത്തരത്തിലൊരു നീക്കം കേരളത്തില്‍ ബിജെപി നടത്തുന്നത്. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ കുമ്മനം പ്രത്യക്ഷപ്പെട്ടതും വിഴിഞ്ഞം പദ്ധതി ചടങ്ങുകളിലുമെല്ലാം ഇതേ നാടകം നാം കണ്ടതാണ്. ഇത്തരത്തില്‍ മുന്‍ അനുഭവങ്ങള്‍ എംബി രാജേഷ് അടക്കമുള്ള മന്ത്രിമാര്‍ തുറന്ന് പറയുന്നുമുണ്ട് ഈ സാഹചര്യത്തില്‍. കഴിഞ്ഞ തവണ തിരുവനനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത് അനുസരിച്ച് പോയപ്പോള്‍ എസ്പിജി ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുവദിച്ച പാസ് ഉണ്ടായിട്ടാണ് ഈ ദുരനുഭവം. ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരിച്ചുപോവുകയാണെന്നും അന്ന് പറഞ്ഞെന്ന് മന്ത്രി രാജേഷ് പറയുന്നു.
ഇനി ഇന്ന് ഉദ്ഘാടനം നടക്കുന്ന ദേശിയപാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രാധാന്യം നോക്കാം- 2014-ല്‍ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ2016-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. അതിനൊപ്പം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസര്‍ക്കാര്‍ 5,600 കോടി രൂപ വിഹിതം നല്‍കിയ സംഭവവും ഇതാണ്. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനം പലപ്പോഴായി കേരളത്തിന് ലഭിച്ചിട്ടുള്ളതാണ്. ഈ വസ്തുതകളെല്ലാം നിലനില്‍ക്കെ തന്നെ വകുപ്പ് മന്ത്രിയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പകല്‍ പോലെ വ്യക്തം. വിഷയം പാര്‍ലമെന്റിലേക്കും പടര്‍ത്താന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വി ശിവദാസന്‍ എംപി നോട്ടീസ് നല്‍കിക്കഴിഞ്ഞു.
എന്തായാലും സംസ്ഥാനം ഒരു തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് നില്‍ക്കെ ആഞ്ഞടിക്കുന്ന പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് എത്രമാത്രം സ്വാധീനിക്കുമെന്നും ജനങ്ങള്‍ എങ്ങനെ വിധിയെഴുതുമെന്നും കാത്തിരുന്ന് കാണാം.






