ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2025-26 അക്കാദമിക് വർഷത്തിൽ 11,682 എംബിബിഎസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയതായാണ് കണക്കുകൾ. രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ നൽകിയ വിവരങ്ങൾ രാജ്യസഭയിൽ പങ്കുവെച്ചത്. എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സീറ്റുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു.






