തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടനങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയപാതയിലെ പല ഭാഗങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും പലയിടങ്ങളിലും നിർമാണത്തിലെ അപാകതകൾ മൂലം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തിയാകാത്ത റോഡുകൾ വേഗത്തിൽ ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നും സതീശൻ വിമർശിച്ചു.
ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാന മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ഇത്തരം പരിപാടികൾ സ്വകാര്യ ചടങ്ങുകളല്ലെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സംസ്ഥാന മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയെയും ഇത്തരം പരിപാടികളിൽ ക്ഷണിക്കുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അത് പാലിക്കാത്തത് ശരിയല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
പാലങ്ങളുടെ പില്ലറുകൾ സ്ഥാപിക്കുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റർ പൂർത്തിയാകുമ്പോഴും പ്രത്യേകം ഉദ്ഘാടനം നടത്തുന്നത് ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ലോകചരിത്രത്തിൽ ആദ്യമായാണ് പാറ പൊട്ടിക്കുന്നതിനും പോലും ഉദ്ഘാടനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചും സതീശൻ പറഞ്ഞു. ഒരു കെട്ടിടത്തിന്റെ തറകെട്ടലിനും ഭിത്തിനിർമാണത്തിനും വേർതിരിച്ച് ഉദ്ഘാടനം നടത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയും സിപിഎമ്മും തമ്മിൽ ഉദ്ഘാടനങ്ങളെ ചൊല്ലി നടക്കുന്ന തർക്കങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്നും സതീശൻ ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോ പദ്ധതി ഏറെ മുന്നേറിയിരുന്നുവെങ്കിലും പൂർണ്ണമായി പൂർത്തിയാകാത്തതിനാൽ അദ്ദേഹം ഉദ്ഘാടനം നടത്തിയിരുന്നില്ലെന്നും സതീശൻ ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ സർവേ പോലുള്ള പ്രാരംഭ നടപടികൾക്കുപോലും ഉദ്ഘാടനം നടത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.






