മദ്യപാനം ഏത് രീതിയിലാണെങ്കിലും ശരീരത്തിന് ദോഷകരമാണ്. ലിവര്‍ രോഗങ്ങള്‍ മുതല്‍ പ്രമേഹം വരെ നമ്മള് ശ്രദ്ധിക്കാത്ത പല രോഗങ്ങളും മദ്യപാനം മൂലമുണ്ടാകുന്നുണ്ട്. അവ നോക്കാം
മദ്യപാനം ഏറ്റവുമധികം ബാധിക്കുക കരളിനെയാണ്. ഇത് ഫാറ്റി ലിവറിലേക്ക് നയിക്കും. ഫാ്റ്റി ലിവറിന് കാര്യമായ ലക്ഷണങ്ങളൊന്നും കാണില്ല. മദ്യത്തിന്റെ ഉപയോഗം തുടര്‍ന്നാല്‍ ഫാറ്റിലിവര്‍ ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. വയറുവേദന, നേരിയ പനി, ക്ഷീണം എന്നിവ അനുഭവപ്പെടാം.
എന്നിട്ടും മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ രോഗം കൂടുതല്‍ മാരകമായ ലിവര്‍ സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് ജീവനെടുക്കാന്‍ പ്രാപ്തമാണ്.
ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമല്ല ശരീരഭാരം കുടുക, മദ്യപാനവും കാരണമാകും. മദ്യത്തില്‍ വലിയ രീതിയില്‍ കലോറി അടങ്ങിയിട്ടുണ്ട്. പതിവായി മദ്യപിക്കുന്ന ആളുകള്‍ക്ക് ഈ സ്വഭാവം മൂലം ശരീരഭാരം വര്‍ധിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിക്കുകയും ചെയ്യും. അവരുടെ ജീവിതത്തില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരത്തില്‍ മോശം കൊളസ്ട്രോള്‍ കൂടുതലാകുമ്പോള്‍ ട്രൈഗ്ലിസറൈഡുകള്‍ വര്‍ധിക്കും. ഇത് ഹൃദ്രോഗത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിന് കാരണമാകുന്നു. തുടര്‍ച്ചയായി രക്താതിമര്‍ദം അനുഭവിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മദ്യം കഴിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍, ഹൃദയ സിസ്റ്റം എന്നിവയെ ബാധിക്കുന്നു.






